പിള്ളയുടെ ‘സുവര്‍ണാവസരം’ വോട്ട് കുറച്ചു; ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ഒറ്റപ്പെട്ട് ശ്രീധരന്‍ പിള്ള

single-img
28 May 2019

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് വേളയില്‍ ശ്രീധരന്‍ പിള്ള നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വോട്ടുകുറച്ചെന്നു നേതാക്കള്‍ ഒന്നാകെ വിമര്‍ശിച്ചു. ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പാര്‍ട്ടിക്ക് വോട്ടു കുറച്ചെന്നു സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രസിഡന്റിനു കഴിഞ്ഞില്ല. എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയ നേതാക്കള്‍ കൂടി അതൃപ്തി പ്രകടിപ്പിച്ചതോടെ കോര്‍ കമ്മിറ്റിയില്‍ ശ്രീധരന്‍ പിള്ള ഒറ്റപ്പെട്ടു. അതേസമയം സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന് സൂചിപ്പിച്ച വിമര്‍ശനങ്ങളില്‍ കൂട്ടുത്തരവാദിത്തം മറക്കരുതെന്ന മറുപടി ആയിരുന്നു ദേശീയ സെക്രട്ടറി വൈ സത്യകുമാറിന്റേത്.