സിറ്റിങ് എംപിക്ക് പൂജ്യം വോട്ട്: ബൂത്തിലിരുന്നവരും പാർട്ടി ഘടകത്തിലുള്ളവരുമെല്ലാം ആർക്കാണു വോട്ട് ചെയ്തത്: പി.കെ.ബിജുവിനെ ട്രോളി സോഷ്യൽ മീഡിയ

single-img
28 May 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി പഞ്ചായത്തിൽ ഉൾപ്പെടുന്ന ആനമട 138–ാം നമ്പർ ബൂത്തിലാണു പി.കെ.ബിജുവിനു വോട്ടൊന്നും ലഭിക്കാതിരുന്നത്. ഇതോടെ പി.കെ.ബിജുവിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ.

ആകെ പോൾ ചെയ്ത 34 വോട്ടിൽ 32 വോട്ട് യുഡിഎഫിലെ രമ്യാ ഹരിദാസിനും 2 വോട്ട് സ്വതന്ത്ര സ്ഥാനാർഥി കൃഷ്ണൻകുട്ടി കുനിശേരിക്കുമാണു ലഭിച്ചത്. ഒരു പക്ഷെ സംസ്ഥാനത്തു സിറ്റിങ് എംപിമാരിൽ മറ്റൊരാൾക്കും ഒരു ബൂത്തിൽ പൂജ്യം വോട്ട് ലഭിക്കുന്ന സ്ഥിതിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ബൂത്തിലിരുന്നവരും പാർട്ടി ഘടകത്തിലുള്ളവരുമെല്ലാം ആർക്കാണു വോട്ട് ചെയ്തതെന്ന ചോദ്യം ഉയർത്തുന്ന ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

എന്നാൽ സിപിഎമ്മിനു പാർട്ടി സംവിധാനം ഇല്ലാത്ത പ്രദേശമാണു ആനമടയെന്നാണു നേതൃത്വം പറയുന്നത്. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ 11 വോട്ട് എൽഡിഎഫിനു ഇവിടെ ലഭിച്ചിരുന്നു. എന്നാൽ 2011 നിയമസഭയിൽ 9, 2014 ലോക്സഭയിൽ 3, 2016 നിയമസഭയിൽ 1 എന്നിങ്ങനെയാണ് ഇടതുപക്ഷത്തിന് ഇൗ ബൂത്തിൽ വോട്ട് ലഭിച്ചിട്ടുള്ളത്. ബിജെപിക്കു സ്വാധീനം ഉണ്ടായിരുന്ന ബൂത്തിൽ ഇത്തവണ എൻഡിഎയും സംപൂജ്യരായി.