മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറി പിതാവിന് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത മകന്‍ അച്ഛനെ കൊലപ്പെടുത്തി

single-img
27 May 2019

മരുമകള്‍ ഉണ്ടാക്കിയ മട്ടന്‍ കറി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെ മകന്‍ അച്ഛനെ കൊലപ്പെടുത്തി. തമിഴ്നാട് ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലിലാണ് മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റം 65-കാരനായ പിതാവിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെയാണ് കൊലപാതകത്തിനാസ്പദമായ സംഭവം ഉണ്ടായത്. കുടുംബത്തില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മരുമകള്‍ തയ്യാറാക്കി വിളമ്പിയ മട്ടന്‍ കറി 65-കാരനായ ഗുരപ്പയ്ക്ക് ഇഷ്ടമായില്ല. ദേഷ്യപ്പെട്ട ഇയാള്‍ വീട്ടുകാര്‍ നോക്കി നില്‍ക്കെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് മരുമകളുടെ മുഖത്തേക്ക് എറിഞ്ഞു.

പിതാവിന്റെ പ്രവൃത്തിമൂലം ഭാര്യയ്ക്കുണ്ടായ അപമാനം സഹിക്കാന്‍ കഴിയാതിരുന്ന മകന്‍ പിതാവിന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ മകന്‍ അച്ഛന്‍റെ തല ഭിത്തിയില്‍ ആഞ്ഞിടിപ്പിച്ചു. തലപൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത പിതാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്ന് വി കോട്ട സബ് ഇന്‍സ്പെക്ടര്‍ പറ‍ഞ്ഞു.