സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസ്: അറസ്റ്റിലായത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍

single-img
27 May 2019

സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്എഫ്‌ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റില്‍. കീഴല്‍ കുട്ടോത്ത് മീത്തലെ തയ്യുള്ളതില്‍ അക്ഷയ് രാജി (22)നെയാണ് അറസ്റ്റു ചെയ്തത്. സിപിഎം പ്രവര്‍ത്തകന്‍ കീഴല്‍ കുട്ടോത്ത് വലിയപറമ്പത്ത് ഷാജു (43) വിനെ ആണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കഴിഞ്ഞ 21ന് രാത്രിയാണ് സംഭവം.

റോഡ് നിര്‍മാണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അക്ഷയും സംഘവും ഷാജുവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിക്കുകയും വെട്ടുകയുമായിരുന്നു. ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിര്‍മ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു.

പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി. തനിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മെയ് 21ന് രാത്രിയാണ് ഷാജുവിന് വെട്ടേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള വടകര പൊലീസ് തെരച്ചില്‍ തുടരുകയാണ്.