മനംമടുത്ത് രാഹുല്‍; മറ്റൊരാളെ കണ്ടെത്താന്‍ നിര്‍ദേശം; കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി; ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഭരണം നഷ്ടമാകുമോ എന്ന് ആശങ്ക

single-img
27 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ പദം രാജിവയ്ക്കാനുള്ള തീരുമാനത്തിലുറച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുല്‍ ഈ തീരുമാനം അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം അപ്പാടെ ആ അഭിപ്രായം തള്ളിയിരുന്നു.

എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമവാര്‍ഷികമായ ഇന്ന് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് രാഹുല്‍ ചെയ്ത ട്വീറ്റില്‍ അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു. ഇന്ത്യ പോലുള്ള പല ജനാധിപത്യ രാജ്യങ്ങളും ഇന്ന് ഏകാധിപത്യ ഭരണത്തിലേക്ക് അധപതിക്കുകയാണ്. നെഹ്‌റുവിന്റെ ചരമദിനമായ ഇന്ന്, കഴിഞ്ഞ 70 വര്‍ഷം ഒരു ജനാധിപത്യ രാജ്യമായി തുടരാന്‍ അദ്ദേഹം നല്‍കിയ ശക്തവും സ്വതന്ത്രവും ആധുനികവുമായ സംഭാവനകള്‍ ഓര്‍ക്കുക, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതോടെ നേതാക്കളുടെ നീണ്ട നിരതന്നെ രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.

ഈ സന്ദര്‍ശന വേളയില്‍ താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ അറിയിച്ചതെന്നാണ് വിവരം. എന്നാല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. രാഹുല്‍ രാജി സന്നദ്ധതയറിച്ചതുമുതല്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിനും രാഹുലിന് വ്യക്തിപരമായും ലഭിക്കുന്നത്.

രാജി തീരുമാനം വേണ്ടെന്നു വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ പിസിസികളും കത്തുകള്‍ അയച്ചിട്ടുണ്ട്. അതിനിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കാണാന്‍ വിസമ്മതിച്ച രാഹുല്‍ തന്റെ എല്ലാ യോഗങ്ങളും കൂടിക്കാഴ്ചകളും റദ്ദുചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

രാഹുല്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോള്‍ പദവി ഉപേക്ഷിക്കില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സമയം അദ്ദേഹം പാര്‍ട്ടിക്ക് നല്‍കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഹുലിന്റെ തീരുമാനത്തോട് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അനുകൂല സമീപനമാണ് കാണിക്കുന്നത്.

അതിനിടെ, മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയുള്ള രാഹുലിന്റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഭരണം നഷ്ടമാകുന്ന നിലയിലാണ് പാര്‍ട്ടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഒരേസമയം സംഘടനാപരവും ഭരണപരവുമായ പ്രതിസന്ധികളാണ് കോണ്‍ഗ്രസ് നേരിടുന്നത്. മക്കള്‍ രാഷ്ട്രീയത്തിലും പ്രചാരണ അജണ്ട ഏറ്റെടുക്കാത്തതിലും പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു.

തോല്‍വിക്ക് കാരണമായവര്‍ ഈ മുറിയില്‍ തന്നെയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയും തുറന്നടിച്ചിരുന്നു. റഫാല്‍ പ്രചാരണ വിഷയമാക്കിയവര്‍ കയ്യുയര്‍ത്താന്‍ രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ ചുരുക്കം പേര്‍ മാത്രമേ പ്രതികരിച്ചുള്ളൂവെന്നാണ് സൂചന. പാര്‍ട്ടിയൊന്നാകെ പുതുക്കിപ്പണിതെങ്കില്‍ മാത്രമേ ബി.ജെപി.യെ നേരിടാന്‍ കഴിയൂവെന്നാണ് രാഹുല്‍ പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞത്.

രാഹുലിന്റെ വിമര്‍ശത്തെ മുതിര്‍ന്ന നേതാക്കള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നും പാര്‍ട്ടി അഴിച്ചുപണിയുകയാണെങ്കില്‍ അവരുടെ റോള്‍ എന്തായിരിക്കുമെന്നുമാണ് ഇനി നിര്‍ണായകമാവുക. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സര്‍ക്കാരിന്റെ ഭാവിയും സുരക്ഷിതമല്ല.

പ്രവര്‍ത്തക സമിതിക്ക് പിന്നാലെ മധ്യപ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് കഴിഞ്ഞ ദിവസം മന്ത്രിമാരുടെയും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെയും പ്രത്യേക യോഗം വിളിച്ച് സര്‍ക്കാരിന്റെ നിലനില്‍പ്പും തെരഞ്ഞെടുപ്പ് പരാജയവും ചര്‍ച്ച ചെയ്തു.

രാജസ്ഥാനിലെ ബി.എസ്.പി എം.എല്‍.എമാര്‍ സര്‍ക്കാരിനെതിരെ നീക്കം തുടങ്ങിയെന്നാണ് സൂചന. തോല്‍വിക്ക് പിന്നാലെ വിവിധ സംസ്ഥാന അധ്യക്ഷന്‍മാരുടെ രാജി തുടരുകയാണ്. മഹാരാഷ്ട്ര അധ്യക്ഷന്‍ അശോക് ചവാന്‍, പഞ്ചാബിലെ സുനില്‍ ജാഖര്‍, ജാര്‍ഖണ്ഡിലെ ഡോ അജോയ് കുമാര്‍ എന്നിവരാണ് ഏറ്റവുമൊടുവില്‍ രാജി നല്‍കിയത്.