കോണ്‍ഗ്രസുമായി നീക്കുപോക്കിന് ശ്രമിച്ചത് തോല്‍വിക്ക് കാരണമായെന്ന് കേരളഘടകം പിബിയില്‍; ‘ട്രോളന്മാരും തിരിച്ചടിച്ചു’

single-img
27 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം സിപിഎം പിബിയില്‍. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കേന്ദ്രനേതൃത്വത്തെ പഴിക്കുകയാണ് സിപിഎം കേരളഘടകം. കേരളത്തിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ലെന്ന് പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം നിലനില്‍ക്കെയാണ് കേന്ദ്ര നേതൃത്വത്തെ ഉന്നം വച്ചുള്ള സംസ്ഥാന ഘടകത്തിന്റെ നീക്കം.

അതിനിടെ, സിപിഎം അനുഭാവികളായ സൈബര്‍ പോരാളികള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ ദോഷം ചെയ്യുന്നതായും പാര്‍ട്ടി വിലയിരുത്തി. ശബരിമല വിഷയത്തിലടക്കം സൈബര്‍ പോരാളികള്‍ കാണിച്ച അമിതാവേശം പാര്‍ട്ടിയില്‍നിന്ന് വലിയൊരു വിഭാഗം അകലുന്നതിനു കാരണമായി.

പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടെന്ന പേരില്‍ അവഹേളനങ്ങള്‍ തുടര്‍ന്നപ്പോള്‍ സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ സൈബറിടങ്ങള്‍ വഴിയും ചോര്‍ന്നെന്നാണ് വിലയിരുത്തല്‍. സിപിഎമ്മിനുള്ളിലെ വിശ്വാസികളും സ്ത്രീകളും മാറിചിന്തിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം അനുഭാവികള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുടങ്ങി പ്രചാരണം ശക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ ഇടപെടലില്‍ ശൈലീമാറ്റത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടി.