പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധിയുടെ ഒറ്റ ചോദ്യം; ‘മിണ്ടാട്ടമില്ലാതെ മേപ്പോട്ട് നോക്കി’ കോണ്‍ഗ്രസ് നേതാക്കള്‍: വീണ്ടും രാജി

single-img
27 May 2019

തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ അധ്യക്ഷ പദവിയൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചതോടെ, കോണ്‍ഗ്രസ് നേതൃനിരയില്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇനിയും വഴങ്ങിയിട്ടില്ലെന്നാണു സൂചന.

ഉചിത തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് അല്‍പം കൂടി സമയം നല്‍കാമെന്ന പ്രിയങ്കാ ഗാന്ധിയുടെ അഭിപ്രായം മാനിച്ച പാര്‍ട്ടി നേതൃത്വം, രാഹുലിന്റെ മനംമാറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനിന്നാല്‍, വിഷയം പരിശോധിക്കാന്‍ വൈകാതെ വീണ്ടും പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും.

അതേസമയം, ശനിയാഴ്ച ചേര്‍ന്ന സമിതി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കൊണ്ട് വന്ന റഫാല്‍ ആരോപണം ഏറ്റെടുക്കാത്തതിലെ അതൃപ്തി രാഹുല്‍ ഗാന്ധി ഉന്നയിച്ചു. എത്ര പേര്‍ റഫാല്‍ ഏറ്റെടുത്തെന്ന ചോദ്യത്തിന് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്ത ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് കൈ പൊക്കിയത്. അവരുടെ അവകാശവാദമാകട്ടെ രാഹുല്‍ തള്ളിക്കളയുകയും ചെയ്തു.

നിര്‍ണ്ണായകമായ പ്രചാരണ ഘട്ടത്തിലുടനീളം റഫാല്‍ അഴിമതി ആരോപണം ഉന്നയിച്ച തനിക്ക് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മുതിര്‍ന്ന നേതാക്കള്‍ അവരവരുടെ കാര്യങ്ങള്‍ മാത്രമാണ് നടത്തിയതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

സംസ്ഥാനങ്ങളിലെ സംഘടന സംവിധാനങ്ങളില്‍ ഗുരുതര പാളിച്ചകളുണ്ടായി. ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ചു. പറഞ്ഞ് തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങള്‍ പോലും അനാവശ്യമായി തന്റെ മുന്നിലേക്ക് വലിച്ചിട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പി. ചിദംബരം എന്നിവരെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം മക്കളെ സ്ഥാനാര്‍ഥികളാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി രാഹുല്‍ തുറന്നടിച്ചു.

അതിനിടെ, വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ രാജിവെയ്ക്കുന്നതു തുടരുന്നു. അസമിലെ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ റിപുന്‍ ബോറ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജി.

ജാര്‍ഖണ്ഡ് അധ്യക്ഷന്‍ ഡോ. അജയ് കുമാറും രാജിസന്നദ്ധത അറിയിച്ചു. സംസ്ഥാനത്ത് പാര്‍ട്ടി ഒരു ലോക്‌സഭാ സീറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തോല്‍വിക്കു കാരണം എന്തൊക്കെയാണെങ്കിലും അധ്യക്ഷസ്ഥാനത്തു തുടരാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു ബോറ പറഞ്ഞത്. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണു താനെന്നും ഒരു പുതിയ പിന്‍ഗാമി തന്റെ സ്ഥാനത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, ഒഡിഷയിലെ അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക് എന്നിവരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവന്‍ എച്ച്.കെ പാട്ടീലുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്ത് അയച്ചത്.

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 എണ്ണത്തില്‍ ബി.ജെ.പി ജയിക്കുകയും രാഹുലിന്റെ സീറ്റ് പരാജയപ്പെട്ടതുമാണ് രാജിവെയ്ക്കാന്‍ ബബ്ബറിനെ പ്രേരിപ്പിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെയ്ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.