യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല

single-img
27 May 2019

ശബരിമല വിഷയത്തിലെ നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് യു.ഡി.എഫ്. മുന്നണിയുടെ മതേതര നിലപാട് ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിലെത്തിയാല്‍ ശബരിമലക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചു. മതന്യൂനപക്ഷങ്ങളും ഒപ്പം നിന്നു. 123 നിയമസഭാമണ്ഡലങ്ങളില്‍ പിന്നിലായ ഇടതുമുന്നണിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു.

ലോക്‌സഭാ ജനവിധി കേരളം ഇടതുമുന്നണിയെ സമ്പൂര്‍ണമായി തള്ളിക്കളഞ്ഞതിന് തെളിവാണെന്നും സംഘപരിവാറിനെ തടഞ്ഞുനിര്‍ത്തിയത് യുഡിഎഫാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനും യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുണ്ടായി.