രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് ഒരു മുസ്ലിം എംപി പോലുമില്ല: മൊത്തം ലോക്സഭയിൽ 25 മുസ്ലിം എംപിമാർ

single-img
24 May 2019

ഒറ്റയ്ക്ക് 303 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷവും മുന്നണിയ്ക്ക് മൊത്തമായി 350 സീറ്റുകളും നേടിയ ബിജെപിയുടെ എംപിമാരിൽ ഒരു മുസ്ലിം എംപി പോലുമില്ല. ലോക്സഭയിൽ മൊത്തം 25 മുസ്ലിം എംപിമാർ ഉള്ളതിൽ ഒരെണ്ണം മാത്രമാണ് എൻഡിഎ മുന്നണിയുടെ ഭാഗമായിട്ടുള്ളത്. ലോക് ജനശക്തി പാർട്ടിയാണ് മുസ്ലിം എംപിയെ ജയിപ്പിച്ച എൻഡിഎ ഘടകകക്ഷി.

വെറും അഞ്ചു ശതമാനം എംപിമാർ മാത്രമാണ് ജനസംഖ്യയുടെ പതിന്നാലു ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിം വിഭാഗത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭയിലെ 23 മുസ്ലിം എംപിമാർ എന്ന കണക്കിൽ നിന്നും ഇത്തവണ 25 എന്ന് നിലമെച്ചപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ രണ്ട്, ലക്ഷദ്വീപിൽ ഒന്ന്, കശ്മീരിൽ മൂന്ന് എന്നിങ്ങനെ ആറു മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമാണ് ബിജെപി അവരുടെ സീറ്റുകളിൽ മത്സരിപ്പിച്ചത്. എന്നാൽ അതിലൊരാൾ പോലും ജയിച്ചില്ല.