മോദി അദ്വാനിയെയും ജോഷിയെയും കണ്ടു; കാബിനറ്റില്‍ അമിത് ഷാ ധനമന്ത്രി?; ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് പുറത്തേക്ക്

single-img
24 May 2019

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡെല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മികച്ച വിജയത്തിന് തൊട്ടു പിറ്റേന്ന് നരേന്ദ്രമോദിയും അമിത് ഷായും മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും കാണാനെത്തി.

നിങ്ങളെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഈ രണ്ട് നേതാക്കളെയും സീറ്റ് നല്‍കാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജ.യിച്ച മണ്ഡലമാണ് ഗാന്ധി നഗര്‍. കാന്‍പൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീ മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.

ബിജെപി രൂപീകൃതമായശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതത്തോടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. ദേശീയതയും ദേശസുരക്ഷയും പ്രധാന പ്രചാരണവിഷയമാക്കിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. നരേന്ദ്ര മോദി എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയും എന്‍ഡിഎയും ഇക്കുറി വോട്ടുതേടിയത്. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബിജെപിയുടേത്.

അതേസമയം, മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. അരുണ്‍ ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് അമിത് ഷായ്ക്കു നല്‍കുമെന്നാണു സൂചന. നിലവിലെ കാബിനറ്റില്‍ മോദി മാറ്റം വരുത്തും.

സഹമന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തും. പ്രഫഷണലുകളായ ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. 2014 വിജയത്തേക്കാള്‍ കാബിനറ്റ് പദവികള്‍ നല്‍കുന്നതില്‍ ഇക്കുറി മോദിക്കു കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. 2014ല്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗില്‍നിന്നും ആര്‍എസ്എസ് നേതൃത്വത്തില്‍നിന്നും മോദിക്കു നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടിയിരുന്നു. എന്നാല്‍ ഇക്കുറി അതിന്റെ ആവശ്യം വരില്ല.

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് കൂടുതല്‍ മെച്ചപ്പെട്ട വകുപ്പ് ലഭിച്ചേക്കും. ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം സ്മൃതിക്കു നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തിരികെ ലഭിച്ചേക്കും.

അരുണ്‍ ജയ്റ്റ്‌ലിയെ ഒഴിവാക്കും. അമിത് ഷായ്ക്ക് ധനകാര്യം ലഭിച്ചാല്‍ അദ്ദേഹത്തെ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയില്‍ ഇടംലഭിക്കും. അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം വിട്ടുനല്‍കിയേക്കില്ലെന്നും സൂചനയുണ്ട്. മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരിക്കെ പഞ്ചാബ് ബിജെപി അധ്യക്ഷ സ്ഥാനവും വഹിച്ച വിജയ് സംപാലയുടെ ഉദാഹരണമാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. രവിശങ്കര്‍ പ്രസാദിന്റെ സ്ഥാനത്തില്‍ ഉറപ്പില്ല. അമിത് ഷായുടെ ടീമിലുള്ള വിജയ് സഹസ്രബുദ്ധെ, ഭൂപേന്ദ്ര യാദവ് എന്നിവര്‍ കാബിനറ്റില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.