മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മുസ്ലീം ലീഗിന് എസ് ഡി പി ഐ വോട്ടുകൾ മറിച്ചു; ആരോപണവുമായി സിപിഎം

single-img
24 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് കോട്ടകൾ എന്നറിയപ്പെടുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ എസ് ഡി പി ഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചു എന്ന ആരോപണവുമായി സിപിഎം. രണ്ട് മണ്ഡലങ്ങളിലും എസ്ഡിപിഐ പേരിന് മാത്രമായി സ്ഥാനാർത്ഥികളെ നിർത്തി ലീഗുമായി വോട്ടുകച്ചവടം നടത്തിയെന്നും അതിനാലാണ് രണ്ടിടത്തും ഇടതുമുന്നണി വലിയ തോൽവി നേരിട്ടതെന്നും സിപിഎം ആരോപിച്ചു. വിവാദമായ കൊണ്ടോട്ടിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്ഡിപിഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചത്.

ഇതിന്റെ തെളിവാണ് പൊന്നാനിയിലും മലപ്പുറത്തും എസ്ഡിപിഐ സ്ഥാനര്‍ത്ഥികള്‍ക്ക് വോട്ടുകുറഞ്ഞത് എന്നും സിപിഎം പറയുന്നു. മുസ്ലിം ലീഗുമായുണ്ടാക്കിയ ധാരണ പുറത്തറിയാതിരിക്കാനാണ് രണ്ടു മണ്ഡലങ്ങളിലും എസ്ഡിപിഐ പേരിനു മാത്രമായി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. മലപ്പുറത്ത് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് തന്നെ മത്സരിച്ചിട്ടും കഴിഞ്ഞ തെരെഞ്ഞെടുപ്പിനെക്കാള്‍ മുപ്പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞു. അതേപോലെ പൊന്നാനിയിലും പതിനായിരം വോട്ടുകളുടെ കുറവുണ്ടായി.

ഇതിന് പുറമെ മണ്ഡലങ്ങളിൽ വെല്‍ഫയര്‍ പാര്‍ട്ടിയുടെ വോട്ടുകളുമാണ് മുസ്ലീം ലീഗിന് വൻ വിജയത്തിന് വഴിയൊരുക്കിയതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും മലപ്പുറത്ത് ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നും സിപിഎം നേതൃത്വം വിലയിരുത്തി.