എന്‍.ഡി.എയുടെ പരാജയപ്പെട്ട മന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം: ശബരിമല കയറിയ രണ്ട് കേന്ദ്രമന്ത്രിമാരും തോല്‍വിയിലേക്ക്

single-img
23 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മന്ത്രിസഭയില്‍ പരാജയപ്പെടുന്ന രണ്ട് മന്ത്രിമാരില്‍ ഒരാളായി അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളത്ത് 137500 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ് കണ്ണന്താനം. കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയക്കുതിപ്പ് തുടരുകയാണ്.

എറണാകുളം മണ്ഡലത്തില്‍ നൂറ് ശതമാനം വിജയം ഉറപ്പിച്ചായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. വ്യത്യസ്തമായ പ്രചരണപരിപാടികളിലൂടെ സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളിലൊരാളായി കണ്ണന്താനം മാറിയിരുന്നു.

കന്യാകുമാരിയില്‍ നിന്നും മത്സരിച്ച പൊന്‍രാധാകൃഷ്ണനാണ് തോല്‍വി രുചിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി. കന്യാകുമാരിയില്‍ 86048 വോട്ടുകളാണ് പൊന്‍രാധാകൃഷ്ണന് ലഭിച്ചത്. ഐ.എന്‍.സി സ്ഥാനാര്‍ത്ഥി വസന്തകുമാര്‍ എച്ചാണ് മുന്നേറുന്നത്.

ഇതോടെ ശബരിമല കയറിയ രണ്ട് എന്‍.ഡി.എ മന്ത്രിമാരും പരാജയത്തിലേക്ക് എന്ന സ്ഥിതിയായി. ശബരിമലയില്‍ ക്രമീകരണങ്ങള്‍ വിലയിരുത്താനെന്ന അവകാശവാദത്തോടെ സന്ദര്‍ശനത്തിനെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം സോപാനത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശബരിമല വികസനത്തിനായി 105 കോടി രൂപയുടെ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇരുമുടിക്കെട്ടുമായാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയത്. ശബരിമല നടയില്‍ കണ്ണുകള്‍ നിറച്ച് കൈകൂപ്പി നില്‍ക്കുന്ന പൊന്‍ രാധാകൃഷ്ണന്റെ ഫോട്ടോ ബി.ജെ.പി വലിയ തോതില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. നിലയ്ക്കലിതെത്തിയ വേളയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതിന്റെ പേരില്‍ അദ്ദേഹം പൊലീസുമായി തര്‍ക്കിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.