ഫലം വന്നാല്‍ ഭരണം വീഴും?: വിവാദചൂടില്‍ കര്‍ണാടക രാഷ്ട്രീയം; മുസ്‌ലിങ്ങള്‍ ബിജെപിക്കൊപ്പം കൈ കോര്‍ക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

single-img
21 May 2019

ആവശ്യമെങ്കില്‍ കര്‍ണാടകയിലെ മുസ്‌ലിങ്ങള്‍ ബിജെപിക്കൊപ്പം കൈ കോര്‍ക്കണമെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ്. വന്‍ഭൂരിപക്ഷം നേടി എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ മാറി ചിന്തിക്കണമെന്നും കര്‍ണാടകയിലെ മുസ്ലിങ്ങള്‍ ആവശ്യമെങ്കില്‍ ബിജെപിക്കൊപ്പം കൈ കോര്‍ക്കണമെന്നുമാണ് റോഷന്‍ ബേഗ് പറഞ്ഞത്.

തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ അത് നേതൃത്വത്തിന്റെ കുഴപ്പമാണെന്നു പറഞ്ഞ റോഷന്‍ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവുവും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പരാജയപ്പെട്ടവരാണെന്നും കുറ്റപ്പെടുത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നു സൂചനയുണ്ടായത്തിന് പിന്നാലെയാണ് റോഷന്‍ ബെയ്ഗിന്റെ പ്രസ്താവന.

എന്നാല്‍ വിവാദങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. വ്യക്തിപരമായ അഭിപ്രായങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് വിശദീകരണം. പാര്‍ട്ടിക്കിതില്‍ പങ്കില്ലെന്നും ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. സംസഥാന നേതാക്കളില്‍ നിന്ന് അതിരുവിട്ട പ്രസ്താവനകള്‍ വന്ന് തുടങ്ങിയതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തിയിടയുണ്ട്. സഖ്യധാരണകള്‍ക്കുവിരുദ്ധമായി പ്രസ്താവനകള്‍ നടത്തരുതെന്ന് സംസ്ഥാന നേതാക്കള്‍ക്ക് താക്കീതും നല്‍കി. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്.

കര്‍ണാടകത്തില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു ഇന്ത്യ ടുഡെആക്‌സിസ് എക്‌സിറ്റ് പോള്‍. യു.പി.എ 3 മുതല്‍ 6 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും മറ്റുള്ളവര്‍ 1 വരെ സീറ്റുകളാണ് നേടുകയെന്നും സര്‍വേ പ്രവചിച്ചിരുന്നു. ആകെ ലോകസഭാ 28 സീറ്റുകളാണ് കര്‍ണാടകത്തിലുള്ളത്. കോണ്‍ഗ്രസ്സിന് കാര്യമായൊന്നും ഇത്തവണ ചെയ്യാനാകില്ലെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയില്‍ പറഞ്ഞത്.