ബിജെപിയുടെ വോട്ടുകൾ യുഡിഎഫിനു പോയി; എക്‌സിറ്റ് പോളുകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ശ്രീധരൻപിള്ള

single-img
20 May 2019

എക്‌സിറ്റ് പോളുകൾക്കെതിരെ  ബിജെപി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. എക്സിറ്റ് പോളുകൾ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. ശബരിമല ബി.ജെ.പിക്ക് സുവർണാവസരമായിരുന്നു എന്ന് മുൻപ് അഭിപ്രായപ്പെട്ട പി.എസ് ശ്രീധരൻ പിള്ള എക്സിറ്റ്പോൾ ഫലങ്ങൾ വന്ന ശേഷം പക്ഷെ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബി.ജെ.പി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്.

ലാഭ നഷ്ടങ്ങൾ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബി.ജെ.പി ഏറ്റെടുത്തതെന്നും അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം വിശദീകരിച്ചു.അതേസമയം, ബി.ജെ.പി വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നേരത്തെ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാൻ ബി.ജെ.പിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ഒഴിച്ച് നിറുത്തിയാൽ ബിജെപിക്ക് പറയത്തക്ക സാദ്ധ്യത കൽപ്പിക്കാത്ത എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി ക്യാമ്പിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്.