പതക്കംവിറ്റ് ഹൃദയ ശസ്ത്രക്രിയ നടത്തി; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവിന് സഹായവുമായി കേരള സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും

single-img
20 May 2019

അഞ്ചു തവണ ദേശീയ പുരസ്‌കാരവും കേരളാ സംസ്ഥാന പുരസ്‌കാരവും നേടിയ കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി തനിക്ക് പുരസ്‌കാരമായി ലഭിച്ച പതക്കം വിറ്റ് ഹൃദയ ശസ്ത്രക്രിയ നടത്തിയ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇദ്ദേഹത്തിന്റെ അവസ്ഥ വാർത്തയിലൂടെ അറിഞ്ഞതിനെ തുടർന്ന് സഹായവുമായി കേരളാ സര്‍ക്കാരും, ചലച്ചിത്ര അക്കാദമിയും മുന്നോട്ട് വന്നിരിക്കുകയാണ്.

അക്കാദമി കൃഷ്ണമൂർത്തിക്കുള്ള ചികിത്സ സഹായം ഉടന്‍ കൈമാറും. ഇത് കൂടാതെ ചലച്ചിത്ര മേഖലയിലെ മറ്റുചില സംഘടനകളും മൂര്‍ത്തിയെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളും ക്ളാസിക്കുകളുമായ സ്വാതി തിരുനാള്‍, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, പരിണയം , ഗസല്‍, പെരുന്തച്ചന്‍, രാജശില്പി, കുലം തുടങ്ങിയ സിനിമകള്‍ക്ക് കൃഷ്ണമൂര്‍ത്തിയാണ് കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.

തമിഴ്‌നാട് സർക്കാർ നൽകിയ കലൈമാമണി പുരസ്‌കാരത്തിനൊപ്പം ലഭിച്ച സ്വര്‍ണപ്പതകങ്ങള്‍ വിറ്റാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രീയ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയിൽ നിന്നും ലഭിച്ച പണംകൊണ്ട് വീട് പണിതിരുന്നു. അമ്മയുടെ പേരിലുള്ള ഈ വീട്ടിൽ പിന്നീട് സഹോദരി അവകാശം ചോദിച്ച് വന്നതോടെ വില്‍ക്കേണ്ടിവന്നു.

ഇതില്‍ നിന്നും ബാങ്കിലുള്ള പലിശകൊണ്ടാണ് കൃഷ്ണമൂര്‍ത്തി ഇപ്പോള്‍ ജീവിക്കുന്നത്. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ 50ല്‍പ്പരം ചിത്രങ്ങള്‍ക്കുവേണ്ടി കാലാസംവിധാനവും, വസ്ത്രാലങ്കാരവും കൃഷ്ണമൂര്‍ത്തി നിര്‍വ്വഹിച്ചിട്ടുണ്ട്.