ദേശീയ തലത്തിൽ സിപിഎം രണ്ടക്കം തികയ്ക്കില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

single-img
20 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടുമെന്നു ബഹുഭൂരിപക്ഷം എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പ്രവചിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ്‌ നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. സി.പി.എമ്മിന്‌ ദേശീയതലത്തില്‍ രണ്ടക്കം തികയ്‌ക്കാനാവില്ലെന്ന സൂചനയാണു നല്‍കുന്നത്‌. ബംഗാളിലും ത്രിപുരയിലും സീറ്റ്‌ നേടാന്‍ സാധിക്കില്ലെന്ന സര്‍വേകള്‍ ശരിയായാല്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്‌തമാകുന്ന സാഹചര്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രകടനത്തില്‍ സമ്മിശ്രപ്രതികരണമാണ്. എസ്‌പി- ബിഎസ്‌പി. മഹാസഖ്യത്തിനു മുന്നില്‍ ഭരണകക്ഷി തകര്‍ന്നടിയുമെന്നു ചില സര്‍വേകള്‍ പ്രചവിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്‌ടപ്പെട്ട കര്‍ണാടകയിലും തിരിച്ചടി നേരിട്ട ഛത്തിസ്‌ഗഡ്‌, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്കാകും നേട്ടം. ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാനായതാണ്‌ ഭരണത്തുടര്‍ച്ചയ്‌ക്കു കാരണമെന്നാണു സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌.

പശ്‌ചിമ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്‌ഥാനങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കും. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തോടെ ഭരണത്തില്‍ അസ്‌ഥിരതയുണ്ടായെങ്കിലും ഗോവയും ബി.ജെ.പി. സ്വന്തമാക്കും. ജെ.ഡി.യുവുമായുള്ള സഖ്യത്തിലൂടെ ബിഹാറില്‍ ആധിപത്യം നേടുമെന്നും ആര്‍.ജെ.ഡി- കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നുമാണു സര്‍വേ ഫലം.