രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ‘എട്ടിന്റെ പണി’ ചോദിച്ചുവാങ്ങി

single-img
19 May 2019

കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ പരാതിയുമായി എല്‍ഡിഎഫ്. റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19ല്‍ ക്യൂവില്‍ നിന്നവരോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്നാണ് പരാതി.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരേ നടപടി വേണമെന്നുമാണ് ആവശ്യം.

അതിനിടെ, പര്‍ദ വിവാദത്തിലൂടെ സിപിഎം ലക്ഷ്യം വയ്ക്കുന്നത് മുസ്‌ലിം സ്ത്രീകളെ പോളിങ് ബൂത്തുകളില്‍ എത്തിക്കാതിരിക്കാനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പര്‍ദ ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. സിപിഎം പിന്തുടര്‍ന്നത് മതവിരുദ്ധ നിലപാടാണെന്നും പുതിയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. അത് ജയരാജന്റെ വിവരക്കേടാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നും മതങ്ങള്‍ക്ക് എതിരായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. വിവാദത്തെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.