സംഘികള്‍ പോലും അങ്ങനെ പറയില്ല: നസീറിനെതിരായ ആക്രമണം പി. ജയരാജന്റെ അറിവോടെയെന്ന് കെ. മുരളീധരന്
വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പി. ജയരാജനെതിരേ കെ. മുരളീധരന്. നസീറിനെതിരായ ആക്രമണം ഗൗരവമേറിയതെന്നും ജയരാജന്റെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
സിപിഎം നേതാക്കളുടെ പര്‍ദ്ദ പരാമര്‍ശത്തിനെതിരേയും മുരളീധരന് രംഗത്തെത്തി. പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന അപലപനീയം. പര്‍ദ ധരിക്കരുതെന്ന് സംഘികള്‍ പോലും പറയില്ല. ചുവപ്പില്‍ കാവി കലരുന്നുവെന്നും മുരളീധരന് പരിഹസിച്ചു.
അതേസമയം, തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മൊഴി നല്കി. ഇന്നലെ വെട്ടേറ്റ നസീര്‍ അപകട നില തരണം ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നസീര്‍.
ആക്രമിച്ചത് മുന്‍പരിചയമില്ലാത്തവരാണെന്നും ഇവരെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നാണ് നസീറിന്റെ മൊഴി. നസീറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. ഇന്നലെ രാത്രിയാണ് നസീറിനെ ഒരു സംഘം ആക്രമിച്ചത്. നസീര്‍ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന നൗരിഫ് തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്.