കമ്മീഷന്‍ വഴങ്ങുന്നു; പ്രധാനമന്ത്രിക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് പുനഃപരിശോധിക്കും

single-img
19 May 2019

പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് പുനപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് ജില്ലകളിലെ കലക്ടര്‍മാരോട് നീതി ആയോഗ് വഴി മണ്ഡലങ്ങളിലെ വിവരങ്ങള്‍ തേടിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ സമ്മര്‍ദത്തിന് പിന്നാലെയാണ് നടപടിയെന്നാണ് സൂചന.

അതേസമയം, പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതടക്കമുള്ള നടപടികളില്‍ ഭൂരിപക്ഷ തീരുമാനത്തിനൊപ്പം തന്റെ വിയോജിപ്പ് കൂടി രേഖപ്പെടുത്താതെ ഇനി യോഗത്തിനില്ലെന്നു കമ്മിഷണര്‍ അശോക് ലവാസ കത്തിലൂടെ അറിയിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ, നിലപാടിനെ വിമര്‍ശിച്ച് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ 21നു കമ്മിഷന്‍ പൂര്‍ണയോഗം വിളിച്ചു.

വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ തയാറാകാതെ ഇനി കമ്മിഷന്‍ യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന ലവാസയുടെ തീരുമാനം പുറത്തുവന്നതു കമ്മിഷന്റെ പ്രതിഛായയെ തന്നെ ബാധിച്ചു. മോദിക്ക് ഏറ്റവുമൊടുവില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ മേയ് നാലിനു ശേഷമുള്ള യോഗങ്ങളില്‍ നിന്നാണു ലവാസ വിട്ടുനില്‍ക്കുന്നത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ താന്‍ പാക്കിസ്ഥാനെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ലഭിച്ച പരാതിയിലായിരുന്നു അന്നു തീരുമാനം.