‘ധ്യാനം’ കഴിഞ്ഞ് മോദി പുറത്തിറങ്ങി; ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്ന് മാധ്യമങ്ങളോട് മോദി
കേദാര്‍നാഥിലെ ധ്യാനവും ക്ഷേത്ര സന്ദര്‍ശനവും പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥിലേക്ക് പുറപ്പെട്ടു. പുണ്യഭൂമിയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. തനിക്കുവേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തിന് സമ്പല്സമൃദ്ധിയുണ്ടാകട്ടെയെന്നും കേഥാര്നാഥില്വച്ച് മാധ്യമങ്ങളോട് മോദി പറഞ്ഞു.
കേദാര്‍നാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കും. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും മോദി വ്യക്തമാക്കി. അതേസമയം, തെര. കമ്മീഷന്റെ നിയന്ത്രണമുള്ളതിനാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിച്ചില്ല.
നേരത്തെ കേദാര്‍നാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് മോദി തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.
പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്, പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാമുമതി നല്‍കിയത്. മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്രാ ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.