എറണാകുളത്ത് കണ്ണന്താനം രണ്ടുലക്ഷത്തിലധികം വോട്ടുപിടിക്കുമെന്ന് ബിജെപി

single-img
19 May 2019

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ കണ്ണന്താനം 2.17ലക്ഷം വോട്ടുപിടിക്കുമെന്ന് ബിജെപിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടിയുടെ ഇതുവരെയുളള പ്രകടനങ്ങളില്‍ ഏറ്റവും മികച്ചതായിരിക്കും ഇതെന്നാണ് കരുതുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എ എന്‍ രാധാകൃഷ്ണന് 99,003 വോട്ടുകളാണ് ലഭിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലുമായി 1,43,572 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലായിരുന്നു ബിജെപി ജില്ലയില്‍ ഏറ്റവുമധികം വോട്ടുപിടിച്ചിരുന്നത്. തുറവൂര്‍ വിശ്വംഭരന്‍ സ്ഥാനാര്‍ത്ഥിയായി വന്നതിനാല്‍ 29,843 വോട്ടുകള്‍ അവിടെ നേടി.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 16,676 വോട്ടാണ് കിട്ടിയിരുന്നത്. ഇക്കുറി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് മണ്ഡലം ഭാരവാഹികള്‍ ബിജെപി അവലോകന യോഗത്തില്‍ പറഞ്ഞത്. 39000 വോട്ട് തൃപ്പൂണിത്തുറയില്‍ പിടിക്കുമെന്നാണ് കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.