ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യില്‍ ബലം പ്രയോഗിച്ച് മഷിപുരട്ടി; ഇനി വോട്ടു ചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്ന് ഭീഷണിപ്പെടുത്തി: ഗുരുതര ആരോപണവുമായി യു.പിയിലെ ഗ്രാമവാസികള്‍

single-img
19 May 2019

ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ കയ്യില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി യു.പിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. ശനിയാഴ്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ താര ജാവന്‍പൂര്‍ ഗ്രാമത്തിലെത്തി 500 രൂപ തന്നശേഷം വിരലില്‍ മഷിപുരട്ടിയെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്.

‘ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു’ എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് ചൗണ്ഡൗളി എസ്.ഡി.എം ഹാര്‍ഷ് പറഞ്ഞു. പരാതി പ്രകാരം നടപടിയെടുക്കും. തെരഞ്ഞെടുപ്പ് ആ സമയത്ത് തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് ഇനിയും വോട്ടു ചെയ്യാം. ബലം പ്രയോഗിച്ചാണ് അവരുടെ കയ്യില്‍ മഷി പുരട്ടിയതെന്ന് അവര്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.