ബി.ജെ.പിക്ക് വന്‍ തകര്‍ച്ച; 177 സീറ്റിലൊതുങ്ങും; ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ സര്‍വെ ലീക്കായി

single-img
17 May 2019

മെയ്19ന് മാത്രമേ എക്സിറ്റ് പോൾ സർവ്വേ ഫലം പുറത്തു വിടാവൂ എന്ന ചട്ടം നിലനിൽക്കെ ഇന്ത്യ ടുഡെയുടെ സർവ്വേ ഫലം ചോർന്നത് വിവാദമാകുന്നു. ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത വന്നു എന്ന തരത്തിൽ വ്യാപകമായി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാനൽ സർവ്വേ ഫലത്തെ കുറിച്ച് ചെയ്ത പ്രമോഷണൽ വീഡിയോയിലൂടെയാണ് എക്സിറ്റ് പോൾ ഫലം ചോർന്നത്.

ബിജെപിക്ക് തകർച്ച എന്ന് പ്രവചിക്കുന്ന ഫലം വ്യക്തമാക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം വീഡിയോ പ്രചരിച്ചതോടെ ഇത് ഡമ്മി ഡാറ്റയാണെന്ന വിശദീകരണവുമായി ചാനൽ രംഗത്തു വന്നിരിക്കുകയാണ്.

ബിജെപിക്ക് 177ഉം യുപിഎക്ക് 141 സീറ്റുമെന്നാണ് ചോർന്ന വീഡിയോയിലെ ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. മറ്റുള്ളവർക്ക് 224 സീറ്റും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇത് യഥാർഥ സർവ്വേ ഫലമാണെന്നതിന് സ്ഥിരീകരണമില്ല. സംഭവം വിവാദമായതോടെ ഡമ്മി ഡാറ്റ ഉപയോഗിച്ചുള്ള പ്രമോഷണൽ വീഡിയോ ആണ് തങ്ങൾ പുറത്ത് വിട്ടതെന്നാണ് ഇന്ത്യാ ടുഡെയുടെ വിശദീകരണം.

ഇന്ത്യാ ടുഡേ ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാലില്‍ നിന്നാണ് വിഡിയോ ലീക്ക് ആയതെന്നാണ് വിവരം. എക്‌സിറ്റ് പോള്‍ ഫലം മെയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ അറിയിച്ചിരുന്നത്. അതിനു മുന്‍പായി രാഹുല്‍ കന്‍വാല്‍ ചെയ്ത ട്വീറ്റ് ഇങ്ങനെ:

”2017ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ട്”. 542 ലോക്‌സഭാ മണ്ഡലങ്ങളിലെ 7 ലക്ഷം ആളുകളെ നേരില്‍ കണ്ടാണ് ഇന്ത്യാ ടുഡേ സര്‍വേ നടത്തിയത്.