ഷോണ്‍ ജോര്‍ജിനെ സ്വയം സ്‌ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌ അംഗീകരിക്കാനാകില്ല; മക്കള്‍ രാഷ്‌ട്രീയത്തെ തള്ളിപ്പറയുന്ന ബിജെപിയുടെ നിലപാടിൽ ഉലഞ്ഞ് പി സി ജോർജ്

single-img
17 May 2019

യുഡിഎഫുമായുള്ള സഖ്യ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞതില്‍ പിന്നെ എന്‍ഡിഎ ലാവണം തേടിയ ജനപക്ഷം നേതാവ്‌ പിസി ജോര്‍ജിന് ആരംഭത്തില്‍ തന്നെ പിഴയ്ക്കുന്നു എന്ന് സൂചനകള്‍. ഇന്നലെ കോട്ടയത്ത് നടന്ന ബിജെപിയുടെ കോട്ടയം പാര്‍ലമെന്റ്‌ നേതൃയോഗവും ലോകസഭാ തെരഞ്ഞെടുപ്പ്‌ വിശകലനവും നടക്കുന്നതിനിടെയാണ്‌ ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

പ്രധാനമായും പാലായില്‍നിന്നുള്ള നേതാക്കളാണ്‌ ജോര്‍ജിനെതിരേ യോഗത്തില്‍ തുറന്നടിച്ചത്‌. പിസിയുടെ ശൈലി ബിജെപിയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ പൊതുവായ വിമര്‍ശനം. യോഗത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്‌ണദാസ്‌, സംസ്‌ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്‌ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

ദേശീയ തലത്തില്‍ തന്നെ മക്കള്‍ രാഷ്‌ട്രീയത്തെ തള്ളിപ്പറയുന്നതാണ്‌ ബിജെപിയുടെ നിലപാടെന്നും അതിനു വിരുദ്ധമായി പിസി ജോര്‍ജ്‌ മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്വയം സ്‌ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌ അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പാലാ, പൂഞ്ഞാര്‍ എന്നിവ അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്‌. ഇവിടെ പിതാവും മകനും മത്സരിക്കുന്നത്‌ അംഗീകരിക്കാനാകില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച ബിജെപിയുടെ സ്‌ഥാനാര്‍ത്ഥി എന്‍ ഹരി ഒറ്റയ്‌ക്ക്‌ ഇരുപത്തയ്യായിരത്തോളം വോട്ടുകള്‍ പിടിച്ചിരുന്നു. ഇക്കുറിയും വിജയിക്കാനാവശ്യമായ വോട്ട്‌ ബിജെപിക്ക്‌ ഒറ്റയ്‌ക്കു സമാഹരിക്കാന്‍ കഴിയും. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ത്ഥിത്വം ഘടകകക്ഷിക്ക് നല്‍കിയതിലൂടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല.

പാലായിലെ ഉപതെരഞ്ഞെടുപ്പിലും സീറ്റ്‌ ഘടകകക്ഷിക്ക്‌ നല്‍കിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടാകും- യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥിതന്നെ മത്സരിക്കണമെന്നു സംസ്‌ഥാന നേതൃത്വത്തോട്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ്‌ നല്‍കിയ സഹായം ഇത്തവണ ഉണ്ടായില്ലെന്ന്‌ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള നേതാക്കളും പറഞ്ഞു.

എസ്‌എന്‍ഡിപിയില്‍ നിന്നും അനുകൂല സമീപനം ലഭിക്കാത്തതാണ് ബിഡിജെഎസ്‌ ഉള്‍വലിഞ്ഞു നിന്നതെന്ന വിമര്‍ശനവുമുണ്ടായി. ഈ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്‌ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം എന്‍ഡിഎ മുന്നണിയുടെ ഭാഗമായത്‌. കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ജനപക്ഷം പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്‌ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.