ആദ്യമായി വാര്‍ത്ത സമ്മേളനത്തിനെത്തിയ മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് ‘പേടിച്ചു’; മറുപടി പറഞ്ഞ്‌ അമിത് ഷാ

single-img
17 May 2019

അധികാരമേറ്റ ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് മാറി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാക്കൊപ്പമാണ് മോദി വാർത്താ സമ്മേളനവേദിയിലെത്തിയത്. രാജ്യം ഉറ്റുനോക്കിയ റഫാൽ അഴിമതി അടക്കമുള്ള വിഷയങ്ങളിൽ മറുപടി നൽകിയത് അമിത് ഷാ.

ഇന്നലെ മുതല്‍ ബിജെപി പ്രസിഡന്‍റ് അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വൈകീട്ട് വാര്‍ത്താ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു നരേന്ദ്രമോദിയുടെ കടന്നു വരവ്.

വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിച്ചത് അമിത് ഷാ. പിന്നാലെ മോദിയും സംസാരിച്ചു. തുടർച്ചയായി രണ്ടാം തവണയും എന്‍ഡിഎ കേവഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം മോദി പ്രകടിപ്പിച്ചു. ക്രിയാത്മകമായ തിരഞ്ഞെടുപ്പാണ് നടന്നത്. വിശദമായി ആസൂത്രണം ചെയ്താണ് മുഴുവൻ പ്രചാരണം നടത്തിയത്. ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് മോദി സംസാരം അവസാനിപ്പിച്ചു.

പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്‍കിയത് അമിത് ഷാ. മോദിയോടുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി അധ്യക്ഷന്‍ നല്‍കുമെന്നും മറുപടി നൽകി മോദി ഒഴിഞ്ഞുമാറി. റഫാൽ അഴിമതി, പ്രജ്ഞാ സിങ് താക്കൂറിന്റെ സ്ഥാനാർഥിത്വം തുടങ്ങി രാജ്യം ഉറ്റുനോക്കിയ ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായില്ല.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാലോ അഞ്ചോ ദിവസം ബാക്കിയുള്ളപ്പോഴാണെന്നും ഈ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് ഇത് ആദ്യമാണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു. നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം ദല്‍ഹിയില്‍ നടക്കുന്ന സമയത്ത് തന്നെയായിരുന്നു രാഹുലിന്റെയും വാര്‍ത്താ സമ്മേളനം.

‘ഇപ്പോള്‍ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് റാഫേലില്‍ അദ്ദേഹം എന്തുകൊണ്ട് എന്നോട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ല എന്നാണ്. ഞാന്‍ അദ്ദേഹത്തിനെ വെല്ലുവിളിക്കുകയാണ്. മാധ്യമങ്ങള്‍ പറയണം നിങ്ങള്‍ എന്തുകൊണ്ടാണ് ഇതില്‍ വാദം നടത്താത്തത്.’ രാഹുല്‍ ചോദിച്ചു.