തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രം പേരുമാറ്റി പ്രവര്‍ത്തനം പുനരാരംഭിച്ചു; തടവിലാക്കിയിരുന്ന പാലക്കാട് സ്വദേശിനിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

single-img
16 May 2019

തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘപരിവാറിന്റെ കീഴിലുള്ള ഘര്‍വാപസി പീഡന കേന്ദ്രം പേരുമാറ്റി പ്രവര്‍ത്തനം പുനരാരംഭിച്ചു. യോഗകേന്രം എന്ന പേരില്‍ കണ്ടനാടുണ്ടായിരുന്ന സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ചൂരക്കാട്ട് ആണ്. പുതിയ കേന്ദ്രത്തില്‍ നിന്നും തടവിലാക്കപ്പെട്ട പാലക്കാട് സ്വദേശിനിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഈ പെണ്‍കുട്ടിയുമായി നാട്ടുകാര്‍ സമീപിച്ചിട്ടും പോലീസ് ഇനിയും കേസെടുത്തിട്ടില്ല. വിഷയത്തില്‍ കേസ് എടുക്കാത്തത് പരാതിയില്ലാത്തതിനാലാണെന്ന് തൃപ്പൂണിത്തുറ എസ് ഐ പറയുന്നു. പല ദിവസങ്ങളിലും രാത്രിയില്‍ നിരവധി വാഹനങ്ങള്‍ ഇവിടെ വന്നുപോകുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇതിന് മുന്‍പും യോഗ കേന്ദ്രത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മിശ്രവിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച് ഘര്‍വാപസി നടത്തുന്നു എന്ന ആരോപണം നേരിട്ടതിനെത്തുടര്‍ന്ന് യോഗ കേന്ദ്രത്തിനെതിരെ കേരളാ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്. അതിന് ശേഷം പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.