ഗോഡ്സെ രാജ്യസ്നേഹിയെന്ന് പ്രജ്ഞാ സിങ്: തീവ്രവാദിയെന്ന് വിളിക്കുന്നവർക്ക് തെരെഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കും

single-img
16 May 2019

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാ‍ഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയെന്ന് ബിജെപിയുടെ ഭോപ്പാലിൽ നിന്നുള്ള സ്ഥാനാർത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ സിങ് ഠാക്കൂർ.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പരാമര്‍ശം.

“നാഥുറാം ഗോഡ്സെ ഒരു ദേശഭക്തനായിരുന്നു. അദ്ദേഹം ഇപ്പോഴും ഒരു ദേശഭക്തനാണ്, ഇനിയും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവർ ആ പ്രസ്താവന പുനഃപരിശോധിക്കണം. അല്ലെങ്കിൽ ഈ തെരെഞ്ഞെടുപ്പിൽ അവർക്ക് തക്കതായ മറുപടി ലഭിക്കും.” പ്രജ്ഞാ സിങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

പ്രജ്ഞാ സിങിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. ബിജെപി ഈ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും പ്രജ്ഞാ സിങിനോട് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്നും ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു മാധ്യമങ്ങളോട് പറഞ്ഞു. പ്രജ്ഞാ സിംഗ് പരസ്യമായി മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.

മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞാ സിങ് തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ നേരത്തെയും വിവാദ  പരാമര്‍ശം നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറയെ അധിക്ഷേപിച്ച് സംസാരിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ പ്രജ്ഞാ സിങിന് പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Content Highlights: Pragya Singh Thakur says Godse was a patriot