ഗോഡ്സെയുടെ പിന്മുറക്കാർ ആക്രമിക്കുന്നത് ഇന്ത്യയുടെ ആത്മാവിനെ: പ്രജ്ഞാ സിങിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്

single-img
16 May 2019

ഗോഡ്സെയുടെ പിന്മുറക്കാരിൽ നിന്നും ഇന്ത്യയുടെ ആത്മാവ് ആക്രമണം നേരിടുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നുസുർജേവാല.

“ബിജെപി നേതാക്കൾ രാഷ്ട്രപിതാവിന്റെ ഘാതകരെ യഥാർത്ഥ ദേശസ്നേഹികളായും രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച ഹേമന്ത് കർക്കറെയെപ്പോലുള്ളവരെ ദേശവിരുദ്ധരായും ചിത്രീകരിക്കുകയാണെന്നും സുർജേവാല പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പരാമര്‍ശം. നാഥുറാം ഗോഡ്സെ ഒരു ദേശഭക്തനായിരുന്നുവെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്ക് ഈ തെരെഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പ്രസ്താവന.

പ്രസ്താവനയെ തള്ളിപ്പറഞ്ഞ് ബിജെപിയും രംഗത്തെത്തിയിരുന്നു. പ്രജ്ഞാ സിങിന്റെ പ്രസ്താവനയോട് പാർട്ടിയ്ക്ക് യോജിപ്പില്ലെന്നും അവർ പരസ്യമായി മാപ്പുപറയണമെന്നും ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു പറഞ്ഞു.

നാഥുറാം ഗോഡ്സെ ഒരു കൊലയാളിയാണെന്നും അയാളെ വാഴ്ത്തുന്നത് ദേശസ്നേഹമല്ലെന്നും പ്രജ്ഞാ സിങിന്റെ എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ ദ്വിഗ്വിജയ് സിംഗ് പറഞ്ഞു. മോദിയും അമിത് ഷായും സംസ്ഥാന ബിജെപിയും അവരുടെ നിലപാട് വ്യക്തമാക്കണമെന്നും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.