ഗര്‍ഭഛിദ്രനിരോധന നിയമത്തിനെതിരെ ‘സെക്‌സ്‌ സ്‌ട്രൈക്ക്‌’ നടത്താൻ ആഹ്വാനവുമായി ഹോളിവുഡ്‌ താരം അലീസ മിലാനോ

single-img
12 May 2019

യുഎസിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രനിരോധന നിയമം കര്‍ക്കശമാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധമായി ‘സെക്‌സ്‌ സ്‌ട്രൈക്ക്‌’ നടത്താൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് ഹോളിവുഡ്‌ താരം അലീസ മിലാനോ. ഇതിനു മുൻപ് സ്ത്രീകൾക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങള്‍ക്കെതിരെ അലീസ ആഹ്വാനം ചെയ്‌ത മീ ടൂ ക്യാംപയിന്‍ ലോകമെമ്പാടും വിപ്ലവം സൃഷ്ടിച്ചിരുന്നു.

ഗര്‍ഭധാരണം നടന്ന്‌ ആറ് ആഴ്ചകൾക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ലെന്നാണ്‌ നിലവിലെ നിയമം അനുശാസിക്കുന്നത്‌. ജോര്‍ജിയ ഉൾപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന നാല്‌ സംസ്ഥാനങ്ങളിലാണ്‌ ഈ നിയമം നിലവിലുള്ളത്‌. നിയമം തികച്ചും സ്‌ത്രീവിരുദ്ധമാണെന്നാണ്‌ അലീസ പറയുന്നത്‌. ഗര്‍ഭിണിയാണെന്ന് അറിയാൻ തന്നെ ചിലപ്പോള്‍ ആറാഴ്‌ച്ച എടുത്തേക്കും. ഒരു സ്‌ത്രീക്ക്‌ അവരുടെ സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ്‌ നിയമമെന്ന്‌ അലീസ അഭിപ്രായപ്പെടുന്നു.

സ്ത്രീയ്ക്ക് അവളുടെ സ്വന്തം ശരീരത്തിലുള്ള പൂര്‍ണ അവകാശം തിരികെക്കിട്ടുന്നതുവരെ ലൈംഗികബന്ധത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ സ്‌ത്രീകളോട്‌ ട്വീറ്റിലൂടെ അലീസ ആഹ്വാനം ചെയ്യുന്നത്‌. രാഷ്ട്രീയമാറ്റങ്ങൾക്കായി സ്‌ത്രീകള്‍ മുമ്പും ഇങ്ങനെ സെക്‌സ്‌ സ്‌ട്രൈക്ക്‌ നടത്തിയിട്ടുണ്ടെന്നും അലീസ ഓര്‍മ്മിപ്പിക്കുന്നു. 1600കളില്‍ തുടർച്ചയായി നടന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറോക്വീസ്‌ വനിതകളും 2003ല്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലൈബീരിയന്‍ വനിതകളും സെക്‌സ്‌ സ്‌ട്രൈക്ക്‌ നടത്തിയതിനെക്കുറിച്ചാണ്‌ അലീസ പറഞ്ഞത്‌.