ഇപ്പോള്‍ ഈ ഹര്‍ജിയുടെ ആവശ്യമെന്താണെന്ന് സുപ്രീംകോടതി; ആരാണ് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കാത്തത്; രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വ കേസ് തള്ളി

single-img
9 May 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി, ബ്രിട്ടീഷ് പൗരന്‍ എന്നെഴുതി വെച്ചാല്‍ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഇപ്പോള്‍ ഈ ഹര്‍ജിയുടെ ആവശ്യമെന്താണ് എന്ന് ചോദിച്ച കോടതി ഏതെങ്കിലും കടലാസില്‍ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതിയതുകൊണ്ട് ബ്രിട്ടീഷുകാരനാകുമോ എന്നും ചോദിച്ചു. ആരാണ് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കാത്തത്. 130 കോടി ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടെന്നും അത് നല്ലതാണെന്നും കോടതി വ്യക്തമാക്കി.

ബ്രിട്ടീഷ് പൗരത്വ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മെയ് ഒന്നിന് ആഭ്യന്തരമന്ത്രാലയം രാഹുല്‍ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. 2017ല്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലായിരുന്നു നോട്ടീസ്. തെരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹിന്ദുസംഘടനയുടെ മറ്റ് ആവശ്യങ്ങള്‍.