കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനി മുതൽ ആധാര്‍ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിങ്; സർക്കാർ ഉത്തരവിറങ്ങി

single-img
6 May 2019

കേരളത്തിലെ എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. എല്ലാ സർക്കാർ വകുപ്പുകളിലും 6 മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ 3 മാസത്തിനകവും ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

നിർദ്ദേശം നടപ്പാകുന്നതോടെ അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും.ഇതിൽ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. നിലവിൽ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്. ദേശീയ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വൈബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുള്ള, യുഐഡിഎഐ അംഗീകാരമുള്ള ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനമാണ് സ്ഥാപിക്കേണ്ടത്.

അതാത് വകുപ്പുകളും സ്ഥാപനങ്ങളും മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ വഴിയോ വാങ്ങണം. ഇതിന് ആവശ്യമായ ചെലവുകള്‍ ബജറ്റ് വിഹിതത്തില്‍നിന്ന് കണ്ടെത്തണം. സംസ്ഥാനത്തുടനീളം പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി ഐടി മിഷന്‍ നിരീക്ഷിക്കും. മെഷീനുകള്‍ക്ക് ആവശ്യമായ ആപ്ലിക്കേഷന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ നല്‍കും. ഓരോ വകുപ്പുകളിലും ഇത് നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാര്‍ക്കും മേധാവികള്‍ക്കുമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.