അക്ഷയ തൃതിയ `വിശ്വാസം´ വർദ്ധിക്കുന്നു; സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന

single-img
3 May 2019

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന. അക്ഷയ ത്രിതീയയ്ക്കുമുമ്പായി വന്‍ തിരക്കുപ്രതീക്ഷിച്ച് ജ്വല്ലറികള്‍ സ്റ്റോക്ക് വര്‍ധിപ്പിച്ചതാണ് കാരണം. മുൻകാലങ്ങളിലെക്കാൾ ഈ വർഷം സ്വർണ വിൽപന വർദ്ധിക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.

അക്ഷയ ത്രിതീയ പ്രമാണിച്ച് റീട്ടെയില്‍ ഡിമാന്റില്‍ 10 മുതല്‍ 15 ശതമാനം വര്‍ധനവാണ് ജ്വല്ലറികള്‍ പ്രതീക്ഷിക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 196.8 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനമാണ് വര്‍ധന. 164.4 ടണ്‍ സ്വര്‍ണമാണ് അന്ന് ഇറക്കുമതി ചെയ്തത്.

വിവാഹ സീസണ്‍ തുടങ്ങിയതിനാല്‍ മാര്‍ച്ച് മാസത്തില്‍മാത്രം 78 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 53 ടണ്‍ ആയിരുന്നു ഇറക്കുമതി. ഫെബ്രുവരി 2019ലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് വിലയില്‍ ഏഴ് ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്ഷയ ത്രിതീയയ്ക്കുമുമ്പായി മുന്‍കൂറായി പലരും ബുക്കിങ് ചെയ്തുതുടങ്ങി. വില്പനയില്‍ 20 മുതല്‍ 30 ശതമാനംവരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.