ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ? സംസ്ഥാന സർക്കാർ നാളെ അന്തിമതീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി

single-img
2 May 2019

കൊച്ചിയിൽ നടി വാഹനത്തിനുള്ളിൽ ആക്രമണത്തിനിരയായ കേസില്‍ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് തേടി സുപ്രീംകോടതി. പ്രതി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നാളെ മതീരുമാനം അറിയിക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിൽ രേഖ ആണെങ്കിൽ ദിലീപിന് അത് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വാക്കാൽ പറഞ്ഞു. എന്നാൽ, മെമ്മറി കാർഡ് തൊണ്ടി മുതലല്ല, രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. നടൻ ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ദിലീപിന്‍റെ സമാനആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദിലീപിന്റെ ആവശ്യം ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുകോടതികളും ഹർജി തള്ളിയത്.