മോദി തോറ്റുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി; ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞശേഷം ശക്തമായി തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

single-img
30 April 2019

‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രസ്താവനയില്‍ ഇന്ന് സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി മോദിയെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ഗാന്ധി. മോദി തോറ്റുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം വാടിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറയുന്നു.

ഇപ്പോൾ അദ്ദേഹം വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നത്, മോദിയുടെ അഭിമുഖങ്ങള്‍ കണ്ടാല്‍ ഇക്കാര്യം മനസിലാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും അതില്‍ നരേന്ദ്രമോദിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ ഉയര്‍ന്ന് വരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

രാജ്യത്ത് നോട്ടു നിരോധനത്തിന് ശേഷം ബിജെപി ജനങ്ങളെ വരി നിര്‍ത്തി. പക്ഷെ കള്ളന്മാരായ അനില്‍ അംബാനിയെയും മെഹുള്‍ ചോക്‌സിയെയും വിജയ് മല്ല്യയെയും നിങ്ങള്‍ക്ക് ക്യൂവില്‍ കാണാനായോ എന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ 72,000 രൂപ ലഭിക്കുമ്പോള്‍ അവര്‍ക്ക് സാധാനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നും ഇതുവഴി തൊഴില്‍മേഖലയില്‍ ചലനമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

മധ്യപ്രദേശിലുള്ള ജതാരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഇന്നലെ മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടന്നിരുന്നു.