രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം രാജിവെക്കുന്നു

single-img
26 April 2019

ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം രാജിവെച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രണ്ട് പട്ടികജാതിസംവരണ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രമ്യയെ സജീവമാക്കി നിര്‍ത്താനാണ് യു.ഡി.എഫ്. നീക്കം.

ഇതിന്റെ ഭാഗമായാണ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള നീക്കമെന്നാണ് വിവരം. എന്നാല്‍, രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് രമ്യാ ഹരിദാസും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖും പ്രതികരിച്ചത്. കോഴിക്കോട്ട് യു.ഡി.എഫ്. നേതൃത്വവുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നും രമ്യ പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും.

അപ്പോള്‍ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇപ്പോള്‍ രാജിവെച്ചാല്‍ ലോക്‌സഭാ ഫലപ്രഖ്യാപനത്തിനുമുന്‍പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രമ്യയ്ക്ക് അതുവരെ അംഗത്വം നിലനിര്‍ത്തുകയും വോട്ടുചെയ്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ജയം ഉറപ്പിക്കാനുമാകും.

അതേസമയം പോളിങ് 80 ശതമാനത്തിന് മുകളിലേക്കുയര്‍ന്നത് തുണയാകുമെന്നാണ് ഇരു മുന്നണികളുടെയും പ്രതീക്ഷ. 80.33 ശതമാനമാണ് പോളിങ് ശതമാനം. പ്രചാരണത്തിലെ ആവേശമാണ് പോളിങ് ശതമാനം ഉയര്‍തിയത്.