രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാൻ പൊലീസുകാരൻ എത്തിയത് മദ്യപിച്ച്; സസ്പെൻഷൻ
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുൽ ഗാന്ധിയുടെ ഭക്ഷണപരിശോധനയ്ക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കണ്ണൂർ എആർ ക്യാന്പിലെ സീനിയർ സിപിഒ അലക്സാണ്ടർ ഡൊമനിക് ഫെർണാണ്ടസിനെയാണ് എസ്പി ശിവ വിക്രം സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 16-ന് കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിക്ക് ഗസ്റ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിലെ ഭക്ഷണം പരിശോധിക്കുന്നതിന്റെ പൂർണചുമതലയുണ്ടായിരുന്ന അലക്സാണ്ടർ ഡ്യൂട്ടിസമയത്ത് മദ്യപിച്ചതായി എസ്പിജി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നീട് എസ്പിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു.
തുടർന്ന് കണ്ണൂർ എസ്പി അന്വേഷണം നടത്തുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അതീവജാഗ്രതയിൽ ചെയ്യേണ്ട വിവിഐപി ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിച്ചതിനാണ് സസ്പെൻഷൻ. തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണു വിവരം