ക്ഷേത്രോത്സവത്തിനിടയിൽ ആന ഇടഞ്ഞു; ഇടഞ്ഞ ആനയുടെ മുകളിൽ ജീവൻ പണയം വച്ച് പൂജാരി ഇരുന്നത് മൂന്നര മണിക്കൂർ

single-img
21 April 2019

തിരുവനന്തപുരം കാര്യവട്ടം തൃപ്പാപ്പൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ആന ഇടഞ്ഞത്  പരിഭ്രാന്തി പരത്തി. ഉള്ളൂരിലുള്ള അനിൽകുമാറിന്റെ ശ്രീപാർവതിയെന്ന പിടിയാനയാണ് ഘോഷയാത്രയ്കിടെ ഇടഞ്ഞത്.

സമാപന ദിവസമായ ഇന്നലെ വൈകിട്ട് ആറിന് കലശ എഴുന്നള്ളത്ത് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രത്തിന് ചുറ്റും ഓടിനടന്നു. ഇതിനിടെ ചെറിയ രീതിയിൽ അക്രമം കാണിച്ച് ആന മേൽക്കൂരയിലെ ഓടും പൊട്ടിച്ചു.  ഇതോടെ ഭക്ത‌ർ ഭയന്ന് ചിതറിയോടുകയായിരുന്നു.

പിന്നീട് നടയിൽ നിലയുറപ്പിച്ച ആന ആരെയും  ക്ഷേത്രത്തിലേക്ക് അടുക്കാൻ അനുവദിച്ചില്ല.ഘോഷ യാത്രയ്ക്കായി ആനപ്പുറത്ത് കയറിയ കഴക്കൂട്ടം സ്വദേശിയായ കീഴ്ശാന്തി വിനോദ്  ഇതേസമയം ആനയുടെ മുകളിലുണ്ടായിരുന്നു. മൂന്നരമണിക്കൂറോളം അദ്ദേഹത്തിന് നിലത്തിറങ്ങാൻ കഴിഞ്ഞില്ല.

തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. രാത്രി 9ന് ശേഷം ഉടമ അനിൽകുമാർ ഭക്ഷണ സാധനങ്ങളുമായി ക്ഷേത്രത്തിലെത്തി ആനയെ അനുനയിപ്പിച്ചാണ് കീഴ്ശാന്തിയെ നിലത്തിറക്കിയത്. പിന്നീട് ആനയെ തളചയ്ക്കുകയായിരുന്നു.

ക്ഷേത്രത്തിലെ  പത്തു ദിവസത്തെ ഉത്സവത്തിന് ഈ ആനയെയാണ് ആദ്യം കൊണ്ടുവന്നത്. അന്ന്  ഈ ആന ഇടഞ്ഞതിനെ തുടർന്ന് മറ്റൊരു ആനയെ കൊണ്ടുവന്നു. അതിനെ തിരിച്ചു കൊണ്ടുപോയതിന് ശേഷം ഇന്നലെ വീണ്ടും ശ്രീപാർവതിയെന്ന ആനയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു.