രാഹുൽഗാന്ധിക്കൊപ്പമുള്ള ചിത്രത്തിലൂടെ പ്രശസ്തയായ വൃദ്ധ മറ്റു കോൺഗ്രസ്- ബിജെപി നേതാക്കൾക്കൊപ്പവും; ഇവൻ്റ് മാനേജ്മെൻ്റിന് പണി പാളിയെന്ന് സോഷ്യൽ മീഡിയ
കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിലൂടെ പ്രശസ്തയായ വൃദ്ധ മറ്റു കോൺഗ്രസ്-ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആഘോഷിച്ച് സോഷ്യൽ മീഡിയ. കോൺഗ്രസ് നേതാവ് ശശി തരൂർ ബിജെപി നേതാവ് കെ സുരേന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിലാണ് വൃദ്ധയുടെ സാന്നിധ്യമുള്ളതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിക്കൊപ്പമുള്ള വൃദ്ധയുടെ ചിത്രം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രസ്തുത ചിത്രം കോൺഗ്രസ് നേതൃത്വം വലിയ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മറ്റു നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കഴിഞ്ഞദിവസം ചിത്രങ്ങളിൽ സാന്നിധ്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ പലരും രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനൊപ്പം വൃദ്ധ നിൽക്കുന്ന ചിത്രങ്ങളും പത്തനംതിട്ടയിലെ ലോക്സഭാ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനൊപ്പം നിൽക്കുന്ന ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം ഇവൻറ് മാനേജ്മെൻറ് കമ്പനിയെ ഏൽപിച്ചതും മൂലമുണ്ടായ പ്രശ്നമാണെന്നും സോഷ്യൽ മീഡിയയിൽ പരിഹാസരൂപേണ ചിലർ അഭിപ്രായപ്പെടുന്നു.