വയനാട്ടിൽ ഇടതുപക്ഷത്തെ വിമർശിക്കാതെ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്കഗാന്ധി

single-img
20 April 2019

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി  പ്രസംഗത്തിനിടയിൽ ഒരിക്കൽപോലും സംസ്ഥാന സര്‍ക്കാരിനെതിരെയോ ഇടതുപക്ഷത്തിനെതിരെയോ നേരിയ വിമര്‍ശനം പോലും നടത്തിയില്ല. എന്നാൽ ബിജെപിയെ രൂക്ഷമായി വിമർശിക്കുവാൻ പ്രിയങ്ക തയ്യാറായി.

കര്‍ഷകരേയും ആദിവാസികളേയും സാധാരണക്കാരേയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു. നോട്ട് നിരോധനം നടത്തി സമ്പദ്ഘടനയെ തകര്‍ത്തു. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ വിഭജിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. കേരളമെന്നും തമിഴ്നാടെന്നും ഉത്തര്‍പ്രദേശെന്നും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ചു. രാജ്യം എന്തിന് വേണ്ടി നിലകൊണ്ടോ അതില്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമായി ഭരണമെന്നും പ്രിയങ്ക പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളേയും നടപ്പാക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേയും അക്കമിട്ട് വിവരിച്ചും രാഹുലുമൊത്തുള്ള ചെറുപ്പക്കാലത്തെ ഓര്‍മകള്‍ പങ്കുവെച്ചും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ പുകഴ്ത്തിയുമായിരുന്നു പ്രിയങ്കയുടെ പ്രസംഗം. സമത്വത്തിനും തുല്യതക്കും വലിയ പ്രാധാന്യം നല്‍കി കൊണ്ടാണ് തന്റെ സഹോദരന്റെ പ്രവര്‍ത്തനം. അക്രമവും അസമത്വവും രാഹുല്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.

ജനങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനകീയ പദ്ധതികള്‍ ബിജെപി ഇല്ലാതാക്കി. രാഹുല്‍ ഗാന്ധിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുന്നു. അതിലൊന്നും അവന്‍ തളരുമെന്ന് ആരും കരുതേണ്ടെന്നും പ്രിയങ്ക പറഞ്ഞു.