തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ബിജെപി സ്ഥാനാർഥിയുടെ വഞ്ചി മുങ്ങി; സ്ഥാനാർത്ഥിയേയും പ്രവർത്തകരെയും രക്ഷപ്പെടുത്തിയത് ദമ്പതികൾ

single-img
20 April 2019

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വഞ്ചിയിൽ പോയ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍ അപകടത്തില്‍പ്പെട്ടു. വഞ്ചിയില്‍ വെള്ളം കയറി മുങ്ങിയതിനെത്തുടർന്ന് സ്ഥാനാർത്ഥിയേയും പ്രവർത്തകരെയും  ദമ്പതികൾ രക്ഷപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ നാലുചിറയില്‍ വെച്ചാണ് അപകടമുണ്ടായത്. വഞ്ചി മുങ്ങുന്ന അതിനിടയിൽ നിലവിളിച്ച ശബ്ദം കേട്ട്  എത്തിയ ദമ്പതികളാണ് മുങ്ങാന്‍ തുടങ്ങിയ വഞ്ചിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയേയും പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകരേയും രക്ഷപ്പെടുത്തിയത്.

രാവിലെ തോട്ടപ്പള്ളിയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയും സംഘവും വോട്ടര്‍മാരെ കാണാന്‍ ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വലിയ വള്ളത്തില്‍ പുറക്കാട് പഞ്ചായത്ത് എഴാം വാര്‍ഡിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ നാലുചിറ, ഇല്ലിച്ചിറ, ബണ്ടുചിറ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു. തോണിക്കടവ് ഭാഗത്തെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങവേ നാലുചിറ തോട്ടംപാടത്തിന്റെ വടക്കു ഭാഗത്തെ മാന്തറ തോട്ടില്‍ ഇവര്‍ സഞ്ചരിച്ച വള്ളം മരക്കുറ്റിയിലിടിച്ചു.

വള്ളത്തിന്റെ മധ്യഭാഗത്തെ പലക തകര്‍ന്ന് വെള്ളം അകത്തേക്ക് കയറാന്‍ തുടങ്ങിയതോടെ സ്ഥാനാര്‍ത്ഥിയും സംഘവും സഹായത്തിനായി കരയില്‍ നിന്നവരെ കൂകിവിളിച്ചു.  നിലവിളികേട്ട് ബണ്ടിലെ താമസക്കാരായ രജനീഷ് ഭവനില്‍ രാജേന്ദ്രനും ഭാര്യയും മറ്റൊരു വള്ളത്തില്‍ എത്തി ഇവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പിന്നീട് വള്ളവും നാട്ടുകാര്‍ കരയോടടുപ്പിച്ചു.

സംഭവത്തിനു ശേഷം മറ്റൊരു വള്ളത്തില്‍ സ്ഥാനാര്‍ത്ഥിയും സംഘവും തോട്ടപ്പള്ളിയിലേക്ക് മടങ്ങി. രക്ഷപ്പെടുത്തിയ നാട്ടുകാര്‍ക്ക് നിറയെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് രാധാകൃഷ്ണന്‍ മടങ്ങിയത്. എംപിയായാല്‍ ഇവിടെ യാത്രാസൗകര്യത്തിന് ആവശ്യമായ പാലവും റോഡും നിര്‍മ്മിക്കുമെന്നും  അദ്ദേഹം വാഗ്ദാനം ചെയ്തു.