സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണങ്ങള്‍ തള്ളി കളക്ടര്‍ അനുപമയെ പിന്തുണച്ച് സുരേഷ് ഗോപി’; ‘തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള വ്യക്തിയാണ്; അവരുടെ ആത്മാര്‍ത്ഥതയെ കുറിച്ച് എനിക്കറിയാം’

single-img
8 April 2019

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നോട്ടിസ് നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കളക്ടര്‍ തന്റെ ജോലി കൃത്യമായാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തിരിക്കുന്നത്. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വന്നേക്കാം. വിഷയത്തില്‍ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നല്‍കി അതു പരിശോധിക്കുന്നതുവരെ പറയാന്‍ പാടില്ല എന്നതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു.

എം.പി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് കളക്ടര്‍ അനുപമയെന്ന് സുരേഷ് ഗോപി പറഞ്ഞു. ”അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കളക്ടര്‍ എന്റെയോ എതിര്‍ത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ല. നീക്കത്തിനു പിന്നില്‍ രാഷ്ട്രീയം ആണെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമെങ്കിലും അവര്‍ പറയുമല്ലോ? ഇല്ലെങ്കില്‍ വേണ്ട” സുരേഷ് ഗോപി വ്യക്തമാക്കി

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തിലാണ് തൃശൂര്‍ കളക്ടര്‍ അനുപമ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്. തുടര്‍ന്ന് കളക്ടര്‍ ടി.വി അനുപമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് നേരെ ശരണം വിളികളും അസഭ്യവര്‍ഷവും നടത്തുകയാണ് ഇക്കൂട്ടര്‍.