സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നോട്ടീസ് അയച്ചു; 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

single-img
7 April 2019

ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് പ്രചാരണം നടത്തിയതിന് തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടർ നോട്ടീസയച്ചു. 48 മണിക്കൂറിനകം സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമ നോട്ടീസ് നൽകിയത്.

തൃശ്ശൂരിലെ എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിവാദമായത്.