മുസ്ലിം ലീഗ് വൈറസ്; രാഹുല്‍ വിജയിച്ചാല്‍ അത് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്ന് ആദിത്യനാഥ്

single-img
5 April 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിന് വര്‍ഗീയ മുഖം നല്‍കാനുള്ള ബിജെപി ശ്രമം തുടരുന്നു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വൈറസ് ബാധയേറ്റവര്‍ക്ക് രക്ഷയില്ല. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി ട്വിറ്ററില്‍ ആരോപിച്ചു.

1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്‌ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു. ഇതേതരത്തിലുള്ള ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നത്. ലീഗിന്റെ ഹരിതപതാകവീണ്ടും ഉയര്‍ന്നു പറക്കുകയാണ്. മുസ്ലിം ലീഗ് എന്ന വൈറസ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നു, ശ്രദ്ധയോടെയിരിക്കുക അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ന്യൂനപക്ഷ പ്രീണനമെന്ന് പ്രധാനമന്ത്രിയും ബിജെപിയും നേരത്തെയും ആരോപിച്ചിരുന്നു. ബിജെപി കേരള ഘടകവും രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.