പെട്രോള്‍ ബുള്ളറ്റില്‍ നിന്ന് ഊറ്റി; പിന്‍വാതില്‍ തുറന്നതും കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തി കുത്തിയിറക്കി; തൃശൂരിലെ കൊലപാതകം ആസൂത്രിതം

single-img
5 April 2019

തൃശൂര്‍; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ബിടെക് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഘാതകന്‍ എത്തിയതെന്ന് പോലീസ് അറിയിച്ചു.

22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കളഭാഗത്തിലൂടെ അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.

രാവിലെ നാലരയോടെ തന്നെ ഇയാള്‍ വീടിന്റെ പരിസരത്തെത്തിയിരുന്നെങ്കിലും അടുക്കള വാതില്‍ തുറക്കുന്നതുംകാത്ത് 2 മണിക്കൂറോളം പുറത്തു ചെലവഴിച്ചു. ബൈക്ക് വീടിനു മുന്‍ഭാഗത്തു പാര്‍ക്ക് ചെയ്യുന്നതിനു പകരം സമീപത്തെ ഇടറോഡിലാണു വച്ചത്.

ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ടിരുന്നു. ബാഗില്‍ 2 കുപ്പിയില്‍ പെട്രോള്‍ നിറച്ചു സൂക്ഷിച്ചിരുന്നു. ഉപയോഗിച്ചു പഴകാത്ത വിലയേറിയ കത്തിയും ബാഗിനുള്ളിലുണ്ടായിരുന്നു. ഒരു ജോടി കയ്യുറയും കരുതി. വീട്ടിലേക്കു നേരിട്ടു കടക്കുന്നതിനു പകരം സമീപത്തു താമസിക്കുന്ന നീതുവിന്റെ അമ്മാവന്‍ വാസുദേവന്റെ വളപ്പിലൂടെ കടന്ന് നീതുവിന്റെ വീടിന്റെ പിന്നിലെത്തുകയായിരുന്നു.

ആറരയോടെ അടുക്കളവാതില്‍ കടന്ന് ഉള്ളിലെത്തി. കത്തികൊണ്ടു പല വട്ടം കുത്തിയെങ്കിലും അഞ്ചിടത്താണ് സാമാന്യം ആഴത്തിലുള്ള മുറിവുകളുണ്ടായത്. കഴുത്തിലേറ്റ മുറിവിനു സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ല. കുത്തേറ്റു വീണപ്പോഴാണ് നീതുവിനു മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.

സമീപത്തെ വീടുകളില്‍ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി യുവാവിന്റെ കൈകള്‍കെട്ടിയ ശേഷം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ കാറില്‍ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.

2 കുപ്പി നിറയെ പെട്രോള്‍ നിധീഷ് എങ്ങനെ സംഘടിപ്പിച്ചുവെന്നു പൊലീസ് പരിശോധിക്കുകയാണ്. പെട്രോളൊഴിച്ചു തീകൊളുത്തിയുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കുപ്പികളില്‍ പെട്രോള്‍ വില്‍ക്കുന്നതു പെട്രോള്‍ പമ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഒരുകാരണവശാലും പെട്രോള്‍ കുപ്പിയില്‍ നല്‍കാന്‍ പാടില്ലെന്നു പൊലീസിന്റെ കര്‍ശന നിര്‍ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ നിധീഷ് കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയെടുത്ത പെട്രോള്‍ ആണെന്നു കരുതുന്നു.