പാകിസ്താന്റെ എല്ലാ എഫ്16 വിമാനങ്ങളും അവിടെത്തന്നെയുണ്ടെന്ന് അമേരിക്ക; ഇന്ത്യ തകര്‍ത്തിട്ടില്ല

single-img
5 April 2019

അമേരിക്ക പാകിസ്താനു കൈമാറിയ എല്ലാ എഫ്–16 യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നു അമേരിക്കന്‍ പ്രസിദ്ധീകരണമായ ‘ഫോറിന്‍ പോളിസി’യുടെ റിപ്പോര്‍ട്ട്. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച വാര്‍ത്ത വ്യാഴാഴ്ച ഫോറിന്‍ പോളിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് ഇന്ത്യയുമായി നടന്ന ഡോഗ്‌ഫൈറ്റില്‍ പാക്കിസ്ഥാന്റെ എഫ്–16 വിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്നു സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഫെബ്രുവരി 28 ന് AMRAAM എന്ന വിമാനവേധ മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പ്രദര്‍ശിപ്പിച്ചിരുന്നു. എഫ്16 വിമാനത്തിനെ വെടിവെച്ചിട്ടതിന്റെ മറ്റൊരു തെളിവും ഇന്ത്യ നല്‍കാത്തതിനെ തുടര്‍ന്ന് പാകിസ്താനും അമേരിക്കയും ഇന്ത്യയുടെ വാദത്തെ തള്ളിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരും വ്യോമസേനയും ഈ വാദം ആവര്‍ത്തിച്ചിരുന്നു.

വ്യോമഏറ്റുമുട്ടലിനിടെ അഭിനന്ദന്‍ എഫ്16 യുദ്ധവിമാനത്തിന് നേരെ വെടിയുതിര്‍ത്തിട്ടുണ്ടാവുമെന്നും എന്നാല്‍ അത് ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവില്ലെന്നും വിമാനത്തിലാണ് വെടിയേറ്റതെന്ന് തെറ്റിദ്ധരിച്ചതാവാമെന്നും യുഎസ് പ്രതിരോധസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഎസ് നിര്‍മിതമായ എഫ്–16 വിമാനങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന കരാറടിസ്ഥാനത്തിലാണ് പാകിസ്താനു കൈമാറിയത്. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ എഫ്–16 ഉപയോഗിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ യുഎസ് പാക്കിസ്ഥാനോടു വിശദീകരണം തേടിയിരുന്നു.

ഇതിനെത്തുടര്‍ന്നു എഫ്16ന്റെ എണ്ണമെടുക്കാന്‍ പാക്കിസ്ഥാന്‍ യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ക്ഷണിക്കുകയായിരുന്നു. ഇവരുടെ റിപ്പോര്‍ട്ടാണ് ഫോറിന്‍ പോളിസി മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിഗ് 21 ഉപയോഗിച്ച് എഫ്–16 തകര്‍ക്കാന്‍ ഇന്ത്യ ശ്രമിച്ചിരിക്കാം. എന്നാല്‍ തകര്‍ത്തെന്ന ഇന്ത്യയുടെ വാദം രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു മാഗസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.