പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുന്നു; വിവാദ പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ള വെട്ടില്‍

single-img
3 April 2019


സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും വിവാദത്തില്‍. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കണ്ണൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം.

പ്രിയങ്കയ്ക്ക് 48 വയസുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമര്‍ശിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.