‘സ്വന്തം ഭാര്യയോട് നീതി കാണിക്കൂ… എന്നിട്ടാവാം ഞങ്ങളുടെ സഹോദരിമാരെ ഓര്‍ത്തുള്ള പൂങ്കണ്ണീര്‍’; മോദിക്കെതിരെ അക്ബറുദ്ദീന്‍ ഒവൈസി

single-img
3 April 2019


മുത്തലാഖ് എന്ന അനാചാരത്തില്‍ നിന്ന് രാജ്യത്തെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിച്ചെടുക്കാനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് താന്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നെന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഓള്‍ ഇന്ത്യ മുസ്ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസി രംഗത്ത്.

‘യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ മുസ്ലീം സഹോദരിമാരെ കുറിച്ചോര്‍ത്തും മുത്തലാഖിനെ കുറിച്ചോര്‍ത്തും വിഷമിക്കുന്ന മോദി അദ്ദേഹത്തിന്റെ ഭാര്യയോട് എന്തെങ്കിലും നീതി കാണിച്ചിട്ടുണ്ടോ? അവര്‍ക്ക് എന്തെങ്കിലും അവകാശം നല്‍കിയിട്ടുണ്ടോ? ‘- അക്ബറുദ്ദീന്‍ ചോദിച്ചു.

ഓള്‍ ഇന്ത്യ മുസ്ലിമീനെതിരായ മോദിയുടെ പ്രസ്താവനയേയും അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. ഹൈദരാബാദ് നഗരത്തില്‍ പാര്‍ട്ടി നടത്തിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും ചായ് ചായ് എന്ന് മാത്രം പറയാന്‍ അറിയുന്ന മോദിക്ക് അതൊന്നും മനസിലാവില്ലെന്നും ഒവൈസി വിമര്‍ശിച്ചു.

അതിനിടെ, ഭര്‍ത്താക്കന്മാര്‍ ഒഴിവാക്കി പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചിട്ടുണ്ടെന്ന് മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഔദ്യോഗികമായി ബന്ധം വേര്‍പിരിയാതെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച ഹിന്ദു സ്ത്രീകളുടെ കാര്യമാണ് ഒവൈസി പറഞ്ഞത്.