തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തപ്പോള്‍ പണി കിട്ടിയത് കോണ്‍ഗ്രസിനല്ല ബിജെപിക്കാണ്

single-img
3 April 2019


തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് അനുഭാവമുള്ള 687 പേജുകള്‍ നീക്കം ചെയ്തതായി സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ നതാനിയേല്‍ ഗ്ലേയ്‌സിയേഴ്‌സ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ബിജെപിയുടെ 15 പേജുകളും നീക്കം ചെയ്തതായും ഫേസ്ബുക്ക് പുറത്തുവിട്ട പ്രസ്താവനയില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഫേസ്ബുക്കിന്റെ നടപടി കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബിജെപിയെ ആണെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ പേജുകളാണ് കൂടുതല്‍ നീക്കം ചെയ്തതെങ്കിലും രണ്ട് ലക്ഷം പേര്‍ മാത്രമാണ് ആ പേജുകള്‍ പിന്തുടരുന്നത്. അതേസമയം നീക്കം ചെയ്ത ബിജെപി അനുഭാവ പേജുകള്‍ക്ക് 26 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.

2014 ആഗസ്റ്റ് മുതല്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് അനുഭാവ പേജുകള്‍ ചെലവാക്കിയത് 27 ലക്ഷം രൂപയാണ്. അതേസമയം ബിജെപി ചെലവഴിച്ചത് 50 ലക്ഷവും. ഫേസ്ബുക്കിന്റെ വിലക്ക് രാഷ്ട്രീയപരമായും സാമ്പത്തികമായും ബാധിച്ചിരിക്കുന്നത് ബിജെപിയെ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.