ബസിൽ പോക്കറ്റടിച്ചയാളെ കണ്ടക്ടർ ബൈക്കിൽ പിന്തുടർന്ന് പിടിച്ചു

single-img
3 April 2019

ബസിൽ പോക്കറ്റടിച്ചയാളെ കണ്ടക്ടർ ബൈക്കിൽ പിന്തുടർന്ന ശേഷം ഓടിച്ചിട്ടു പിടിച്ചു. ഞായർ വൈകിട്ട് അഞ്ചിന് ആലപ്പുഴ ഡിപ്പോയിൽ നിന്നു പുറപ്പെട്ട വൈക്കം ബസിലാണു സംഭവം. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ പുത്തനങ്ങാടി വാരണം മാടപ്പുരയ്ക്കൽ ജി.സജി(43) ആണു കള്ളനെ ഓടിച്ചിട്ടു പിടിച്ചത്.  

സംഭവത്തെക്കുറിച്ചു സജി പറയുന്നു: ‘ബസിൽ നല്ല തിരക്കായിരുന്നു. മുഹമ്മ സിഎംഎസ് സ്കൂളിനു സമീപം എത്തിയപ്പോഴാണു മണ്ണഞ്ചേരിയിൽ നിന്നു കുടുംബസമേതം കയറിയ യാത്രക്കാരൻ പഴ്സ് നഷ്ടമായ വിവരം പറഞ്ഞത്. 

തൊട്ടുമുൻപു കെപി മെമ്മോറിയൽ സ്കൂളിനു സമീപം അസ്വാഭ‍ാവികമായി ബസ് നിർത്തി ഇറങ്ങിയ യാത്രക്കാരനെയായിരുന്നു സംശയം. ആലപ്പുഴയിൽനിന്നു കയറിയ അയാൾ 8 രൂപ ടിക്കറ്റ് എടുത്തെങ്കിലും സ്റ്റോപ്പിൽ ഇറങ്ങിയില്ല. മുഹമ്മയിലാണ് ഇറങ്ങുന്നതെന്നു പറഞ്ഞപ്പോൾ മുഹമ്മ വരെയുള്ള ടിക്കറ്റ് കൂടി എടുപ്പിച്ചു’

ബസ് ഒതുക്കി നിർത്താൻ നിർദേശം നൽകിയശേഷം സജി മണ്ണഞ്ചേരി ഭാഗത്തേക്കു പോയ ഒരു ബൈക്കിൽ കള്ളനെത്തേടി പോയി. ബസിലെ യാത്രക്കാരനും പിന്നാലെ പുറപ്പെട്ടു. കെപി മെമ്മോറിയൽ സ്കൂളിനു സമീപം ചായക്കടയിൽ നിന്ന കള്ളൻ, സജിയെയും ഒപ്പമുള്ളയാളെയും കണ്ടതോടെ ഓടി. സജി പിന്നാലെ ഓടി കീഴ്പ്പെടുത്തി. പഴ്സ് ഉടമയ്ക്കു കൈമാറി.  പൊലീസ് സ്ഥലത്തെത്തിയെങ്കിലും  പഴ്സ് നഷ്ടപ്പെട്ടയാൾക്കു പരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ല.