പ്രധാനമന്ത്രിക്ക് പഴശ്ശിരാജയെ ഓർമ്മയുണ്ടോ; വയനാടിനെ പരിഹസിച്ച പ്രധാനമന്ത്രിക്ക് ചരിത്രം പറഞ്ഞു മറുപടി നൽകി കോൺഗ്രസ്

single-img
2 April 2019

ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് ചരിത്രം പറഞ്ഞ് മറുപടി നൽകി കോൺഗ്രസ്. ബ്രിട്ടിഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച സ്വാതന്ത്ര്യസമരസേനാനി പഴശ്ശി രാജയുടെ കര്‍മഭൂമിയാണ് വയനാട്. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമുള്ള നാടാണു വയനാടെന്നത് മോദിക്ക് അറിയുമോയെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.

വിവാദപരാമര്‍ശത്തില്‍ മോദി ദക്ഷിണേന്ത്യയോടു മാപ്പു പറയണം. പ്രധാനമന്ത്രി രാജ്യത്തിന്റെ മതേതരത്വത്തെ അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കള്‍ അല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലമാണു വയനാടെന്നു പറയുമ്പോള്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും അവര്‍ അനഭിമതരാണ് എന്ന സന്ദേശമാണു മോദി നല്‍കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

ഇത്തരത്തില്‍ രാജ്യത്തെ പൗരന്‍മാരെ വേര്‍തിരിച്ചു കാണുന്നതു ലജ്ജാകരമാണ്. വയനാട്ടിലെ പാരമ്പര്യത്തെയും ചരിത്രത്തെയും മനസിലാക്കാതെ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയാണു മോദിയുടേത്. പഴശ്ശിരാജയുടെ വീരചരിത്രം പേറുന്ന വയനാടന്‍ മണ്ണിനെ അപമാനിച്ചതു വഴി സ്വാതന്ത്ര്യസമരത്തെ മോദി അപഹസിച്ചതായും വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്തെ ജനങ്ങളെ മതപരമായി വേര്‍തിരിച്ചുകാണുന്നതാണു മോദിയുടെ നയമെന്നു സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു.